മുംബൈ: വസ്ത്രവ്യാപാര ശൃംഖലയായ റെയ്മണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്പത് സിംഘാനിയ (87) അന്തരിച്ചു. അദ്ദേഹത്തിന്റെ മകനും റെയ്മണ്ട് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനുമായ ഗൗതം സിംഘാനിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം മുംബൈയിലായിരുന്നു അന്ത്യം.
1980 മുതൽ 2015 വരെ റെയ്മണ്ട് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ഹോണററി എയർ കൊമ്മഡോർ പദവിയും നൽകിയിരുന്നു. 2006ൽ മുംബൈ ഷെരീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെറുകിട തുണിമില്ലായിരുന്ന റെയ്മണ്ടിനെ ലോകനിലവാരമുള്ള വസ്ത്ര ബ്രാൻഡായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിനസ് രംഗത്തെ അതികായനായിരുന്നു വിജയ്പത്. വ്യവസായത്തിന് പുറമെ വിമാനയാത്രകളോടും സാഹസികതയോടും വലിയ താൽപ്പര്യമുണ്ടായിരുന്ന സിംഘാനിയ 67-ാം വയസിൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയർന്ന ഉയരത്തിൽ പറന്നതി ലോക റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
തന്റെ സമ്പാദ്യമെല്ലാം മകന് നൽകിയ ശേഷം വാടകവീട്ടിലേക്ക് മാറിയ വിജയ്പത് സിംഘാനിയയുടെ ജീവിതകഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.